Thursday 7 July 2011

Sree Padmanabha Swamy Temple property - Attempt at a necessary Hindu vision


'ഓം തദ് വിഷ്‌ണോഃ പരമം പദം സദാ പശ്യന്തി സൂരയഃ' (യജുര്‍വേദം 6.5)
'അനന്തതയില്‍ വിഷ്ണുവിന്റെ ശയനത്തെ നിരന്തരം കാണുന്നവരാണു ബുദ്ധിമാന്മാര്‍'

ശ്രീപദ്മനാഭക്ഷേത്രധനം :
അനന്തരാവകാശികളായ വിശ്വാസികളുടെ നിലപാട്

ക്ഷേത്രധനത്തിന്റെ സ്വരൂപം -

1) ശ്രീപദ്മനാഭവിഗ്രഹത്തിനുളള അലങ്കാരങ്ങള്‍: ശരപ്പൊളി മാലകള്‍, ഉടയാടകള്‍, രത്‌നഖചിതങ്ങളായ കിരീടങ്ങള്‍, ഒഡ്യാണങ്ങള്‍, വിഗ്രഹത്തിന്റെ മറ്റ് ആഭരണങ്ങള്‍.
2) വിശേഷാല്‍ പൂജയുടെ സാമഗ്രികള്‍: സ്വര്‍ണവിഗ്രഹങ്ങള്‍, സ്വര്‍ണവിളക്കുകള്‍, സ്വര്‍ണകുംഭങ്ങള്‍, സ്വര്‍ണത്തട്ടുകള്‍, സ്വര്‍ണനാരുകള്‍(ചൂല്‍), (നിവേദ്യം അര്‍പിക്കുന്നതിനുളള) രത്‌നഖചിതങ്ങളായ സ്വര്‍ണച്ചിരട്ടകള്‍, വെളളിക്കുടങ്ങള്‍, വെളളിക്കട്ടികള്‍, ശിവനുളള തങ്കത്തിന്റെ 5000 എരിക്കിന്‍പൂവുകള്‍ എന്നിവ.
3) കാണിക്കയുടെ രൂപത്തിലുളള സമര്‍പിതവസ്തുക്കള്‍: സ്വര്‍ണഷാളുകള്‍, സ്വര്‍ണനെല്‍കതിരുകള്‍, ആനപ്രതിമകള്‍, മാണിക്യം, മരതകം, ഇന്ദ്രനീലം, വൈരം, വൈഡൂര്യം തുടങ്ങിയ രത്‌നങ്ങള്‍, ബല്‍ജിയം രത്‌നങ്ങള്‍, നെപ്പോളിയന്‍ സ്വര്‍ണനാണയങ്ങള്‍, സ്വാതിതിരുനാളിന്റെ കാലത്ത് സൂറത്തില്‍നിന്നും കൊണ്ടുവന്ന ലക്ഷക്കണക്കിനു സ്വര്‍ണനാണയങ്ങള്‍, 1877നു ശേഷമുളള തിരുവിതാംകൂര്‍ രാജനാണയങ്ങള്‍.
4) പലവക: കിരീടധാരണസമയത്തുപയോഗിക്കുന്ന സ്വര്‍ണവീപ്പയുടെ കഷണങ്ങള്‍, കേടുപാടുകള്‍ വന്നതിനാല്‍ മാറ്റിവച്ച 35 കിലോ തങ്കഅങ്കി തുടങ്ങിയവ.

ക്ഷേത്രധനത്തിന്റെ സ്വഭാവം -

നിലവറസാമഗ്രികളുടെ സിംഹഭാഗവും കാണിക്കതന്നെ. തിരുവിതാംകൂര്‍രാജാക്കന്മാര്‍ നിത്യദര്‍ശന ത്തിനെത്തുമ്പോള്‍ സമര്‍പിച്ചവയും പിറന്നാള്‍ പോലെയുളള വിശേഷാവസരങ്ങളില്‍ കൊട്ടാര ത്തിലുളളവരും മറ്റും സമര്‍പിച്ചവയും നേപ്പാള്‍, ബറോഡ തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നും രാജകീയ സന്ദര്‍ശനങ്ങള്‍ പതിവായിരുന്ന കാലത്ത് സമര്‍പിക്കപ്പെട്ടവയും മറ്റുമാണു കാണിക്കയുടെ വലിയൊരു പങ്ക്. ലോകത്തെമ്പാടും സുഗന്ധവ്യഞ്ജനവ്യാപാരത്തിന്റെ കുത്തകയുണ്ടായിരുന്നവരാണ് ചേരചക്രവര്‍തി മാരും പിന്‍ഗാമികളായ തിരുവിതാംകൂര്‍ രാജാക്കന്മാരും. ആ നിലയ്ക്കു വന്നുചേര്‍ന്നതില്‍ കുലദൈവമായ ശ്രീപത്മനാഭനു രാജാക്കന്മാര്‍തന്നെ കരുതിവച്ചവയും വിദേശത്തുനിന്നുളള കച്ചവടപ്രമുഖരും സന്ദര്‍ശകരും യഥാര്‍ഥരാജാവായിരുന്ന ശ്രീപദ്മനാഭപ്പെരുമാളിനു നല്കിയ കാഴ്ചധന വും മറ്റുമാണ് വിദേശധനമായി കാണുന്നവ.
ഇങ്ങനെ നോക്കിക്കാണുമ്പോള്‍ സ്രോതസ്സു വ്യക്തമല്ലാത്ത ഒരു വസ്തുപോലും ഇക്കൂട്ടത്തിലില്ല. ക്ഷേത്രധനം എന്നു പറയാനാകാത്തതായും ഒന്നുമില്ല. നിധിയെന്നോ രാജ്യത്തിന്റെ കരുതല്‍ധനമെന്നോ ഈ സമ്പത്തിനെ വിളിക്കുന്നത് തികഞ്ഞ അറിവില്ലായ്മയാണ്.

യഥാര്‍ഥമൂല്യവും പ്രചരിക്കുന്ന മൂല്യവും -

കുറഞ്ഞത് ആയിരത്തിരുന്നൂറു വര്‍ഷം പഴക്കമുളളവയും ഉള്‍പെടാനിടയുളള ഈ പരമ്പരാഗതക്ഷേത്രധന ത്തിന്റെ മൂല്യം ആര്‍ക്കും തിട്ടപ്പെടുത്താനാവില്ല. അളവും തൂക്കവും ഇനവും മാത്രമേ നിരീക്ഷകര്‍ തിട്ടപ്പെടുത്തുന്നുളളൂ. ഊഹവില പ്രചരിപ്പിക്കുന്ന പത്രമാധ്യമങ്ങള്‍ പുതിയ ജനാധിപത്യശൈലിയില്‍ പറഞ്ഞാല്‍ 'അനാശാസ്യ'മാണു ചെയ്യുന്നത്; ശരിയായ ഭാഷയില്‍ ദേശദ്രോഹമാണു ചെയ്യുന്നത്. ഇതു തെളിയിക്കുന്നത് ഇന്നത്തെ തലമുറയുടെ ചരിത്രബോധമില്ലായ്മ കൂടിയാണ്: 1990ല്‍ കോടതി ആവശ്യങ്ങ ള്‍ക്കായി ക്ഷേത്രംവക കണക്കു നല്കിയപ്പോള്‍ ഒരു ലക്ഷത്തി അറുപതിനായിരം കോടിയോളം എന്ന് ഇതേ ക്ഷേത്രധനത്തിന്റെ ദൃശ്യമൂല്യം തിട്ടപ്പെടുത്തിയിരുന്നു. ഇരുപതുവര്‍ഷങ്ങള്‍ക്കു ശേഷം രൂപയുടെ മൂല്യവര്‍ധന മാത്രം കണക്കിലെടുത്താലും അത് പത്തുലക്ഷം കോടിയിലേറും. അപ്പോള്‍, പറഞ്ഞുപരത്തുന്ന കണക്കിന് എന്ത് ആധാരമാണുളളത്?

ക്ഷേത്രധനത്തിന്റെ രൂപീകരണം: ബന്ധപ്പെട്ട വസ്തുതകള്‍ -

ക്ഷേത്രങ്ങളെ പഴയപോലെ ശാന്തദൃഷ്ടിയില്‍ നോക്കിക്കാണുവാന്‍ ഇനി പലര്‍ക്കും കഴിയില്ല. രാജഭരണകാലത്ത് നികുതി പിരിച്ചു സ്വരുക്കൂട്ടിയ സമ്പാദ്യം ക്ഷേത്രനിലവറകളില്‍ ഒളിപ്പിച്ചു വച്ചതാണെന്നും വിദേശാക്രമണം ഭയന്ന് മറച്ചുവച്ച രാജധനമാണെന്നും മറ്റുമുളള വാദമുഖങ്ങള്‍ അതിന്റെ ദൃഷ്ടാന്തങ്ങളാണ്.
സിവില്‍-ക്രിമിനല്‍ വ്യവഹാരങ്ങള്‍ക്കായി പണ്ടുമുതലേ ഹജൂര്‍ കച്ചേരിയും ഹജൂര്‍ട്രഷറിയും പ്രത്യേകം നിലനിര്‍തിയിരുന്നു എന്ന ചരിത്രസാക് ഷ്യവും മുകളില്‍ സൂചിപ്പിച്ചവണ്ണമുളള ക്ഷേത്രധന ത്തിന്റെ സ്വരൂപവും കണ്ടറിഞ്ഞ് അത്തരം വിപരീതവാദങ്ങള്‍ പൊളളയാണെന്ന വാസ്തവം ജനങ്ങളെ ബോധിപ്പിക്കേണ്ടതുണ്ട്.
ചില ചരിത്രകാരന്മാര്‍ പത്രങ്ങളിലും മറ്റും 'മതിലകം രേഖകള്‍' എന്നു പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഈ ക്ഷേത്രധനത്തെ സംബന്ധിച്ച് അവയുടെ ഗൗരവം വ്യക്തമാക്കപ്പെട്ടിട്ടില്ല. മതിലകം എന്നാല്‍ ക്ഷേത്രത്തിന്റെ മതില്‍കെട്ടിനുള്‍ഭാഗം എന്നര്‍ഥം. അവിടെ നടന്നിട്ടുളള സര്‍വവിധവ്യവഹാരങ്ങളുടെയും കൊല്ലവര്‍ഷം 479 (ക്രിസ്ത്വബ്ദം 1304) മുതലുളള നാള്‍വഴിക്കണക്കുകളും നാള്‍ചരിത്രവുമാണ് അവയിലുറങ്ങുന്നത്. 3000ല്‍പരം പനയോലക്കെട്ടുകള്‍ അഥവാ ചുരുണകളായി ഏതാണ്ട് അഞ്ചുലക്ഷത്തോളം താളുകളാണ് ക്ഷേത്രത്തോടു ചേര്‍ന്നുനിന്നിരുന്ന വടക്കേമാളിക പൊളിച്ചശേഷം പുന്നപുരത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സില്‍ എത്തിച്ചിട്ടുളളത്. ഉളളൂരും ശൂരനാടനും മറ്റും ചേര്‍ന്നു പുറത്തിറക്കിയ 'ചില പ്രധാന മതിലകം രേഖകള്‍' എന്ന ഒരു ചെറുപുസ്തകം മാത്രമേ അവയില്‍നിന്നും വെളിച്ചം കണ്ടിട്ടുളളൂ. ശൂരനാട ന്റെ തന്നെ മേല്‍നോട്ടത്തില്‍ ഇവയുടെ ഒരു ഭാഗികസംഗ്രഹം ചെയ്തിട്ടുളളതുതന്നെ പ്രസിദ്ധപ്പെടുത്താത്ത 100ല്‍പരം വാള്യങ്ങളായിട്ടുണ്ട്. ഇവര്‍ക്കുശേഷം ആ വഴിക്ക് ആരും തന്നെ കാര്യമായി പരിശ്രമിച്ചിട്ടില്ല എന്നാണ് ആര്‍ക്കൈവ്‌സ് അധികാരികളില്‍നിന്നും അറിയാനായത്. വാസ്തവത്തില്‍, നാം ചര്‍ചചെയ്തു വരുന്ന ക്ഷേത്രധനത്തോടൊപ്പം തന്നെ മൂല്യമുളള അവ തികച്ചും അവഗണിക്കപ്പെട്ട നിലയിലാണ്. ക്ഷേത്രധനത്തെപ്പറ്റി സംശയമുളളവര്‍ അവ പരിശോധിച്ചശേഷം മാത്രം അഭിപ്രായം പറയുന്നതാകും ഉചിതം.
വിദേശാക്രമണത്തില്‍നിന്നും രക്ഷപ്പെട്ടിരുന്ന സ്ഥലം ഭാരതഖണ്ഡത്തിലാകെയുണ്ടായിരുന്നത് യഥാര്‍ഥത്തില്‍ ദക്ഷിണകേരളം മാത്രമായിരുന്നു എന്നതും ചേരരാജാക്കന്മാരുടെ രക്ഷാകേന്ദ്രമായി അവിടം വര്‍തിച്ചിരുന്നു എന്നതും സുവിദിതമാണ്. മതപരമായ കാര്യങ്ങളില്‍ അതീവതാത്പര്യം പ്രദര്‍ശിപ്പിച്ചിരുന്ന കുലശേഖര പ്പെരുമാളുടെ പാരമ്പര്യം സൂക്ഷിച്ചിരുന്നവരാണ് അവിടുത്തെ വേണാട്ടരചന്മാര്‍. തിരുവിതാംകൂര്‍രാജാവി നെ അദ്ദേഹത്തിന്റെ പരിശുദ്ധികൊണ്ട് തിരു-അടികള്‍ എന്നും രാജ്യത്തെ തിരു-അടി ദേശം എന്നും പറഞ്ഞുപോന്നിരുന്നു. അതേ അര്‍ഥമുളള 'വാനവനാട്' (=ദേവദേശം) ആണ് വേണാടാകുന്നത്. വിഷ്ണുഭക്തിയുടെ 108 ദിവ്യദേശങ്ങളില്‍ കേരളത്തിലായിരുന്ന 13ല്‍ പതിനൊന്നും തിരുവിതാംകൂറിലാ യിരുന്നു എന്നത് ശ്രദ്ധിക്കുക. ഏതു നിലയിലും സമാധാനം പുലര്‍തുക എന്നതായിരുന്നു ചേരസാമ്രാട്ടു കളെപ്പോലെ ഇവരുടെയും പൊതുനയം. യുദ്ധമായിരുന്നില്ല, വ്യാപാരവും സംസ്‌കാരവുമായിരുന്നു ഇവ രുടെ ശ്രദ്ധയിലുണ്ടായിരുന്നത്. ഈ കാലഘട്ടങ്ങളില്‍ സുഗന്ധവ്യഞ്ജനവിപണിയിലെ കുത്തകയും മറ്റും കാരണം വാണിജ്യപരമായ സുസ്ഥിതി കൈവരിക്കാന്‍ കേരളത്തിനു സാധിച്ചതു കൊണ്ട് വ്യാപാരിവര്‍ഗ ത്തിന്റെ പക്കല്‍ ധനം കുമിഞ്ഞുകൂടി. സമൂഹത്തിലെ സമ്പന്നവര്‍ഗങ്ങള്‍ ക്ഷേത്രനിര്‍മാണത്തിനും രക്ഷ യ്ക്കും വേണ്ടി സംഭാവന നല്കുന്ന കാര്യത്തില്‍ പരസ്പരം മത്സരിച്ചു. കേരളത്തിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങള്‍ക്കും ആവിര്‍ഭാവവികാസങ്ങള്‍ സൂചിപ്പിക്കുന്ന സ്ഥലപുരാണങ്ങള്‍ (encomiums) ഉണ്ട്. പതിനാലാം നൂറ്റാണ്ടിനടുത്ത് എഴുതപ്പെട്ടതെന്നു സ്ഥിരീകരിച്ചിട്ടുളള അനന്തപുരവര്‍ണനം, സ്യാനന്ദൂര പുരാണസമുച്ചയം തുടങ്ങിയവയും അനന്തശയനക്ഷേത്രമാഹാത്മ്യം, തിരുവനന്തപുരം വിഷ്ണുസ്‌തോത്രം തുടങ്ങിയ ലഘുകൃതികളും ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ മഹിമയും ചരിത്രവും വിവരിക്കുന്നുണ്ട്. പന്ത്രണ്ടു നൂറ്റാണ്ടു മുമ്പു ജീവിച്ചിരുന്ന നമ്മാള്‍വാര്‍ എന്ന മഹാസിദ്ധന്‍ ശ്രീപദ്മനാഭനെ വാഴ്ത്തി പ്പാടിയിരിക്കുന്നതു കാണാം. അതിപ്രാചീനരായ ആയ് രാജാക്കന്മാരുടെയും പില്കാലത്തെ വേണാട്ട രചന്മാരുടെയും കുലദൈവതമായിരുന്നു ശ്രീപദ്മനാഭസ്വാമി. 1729-58 കാലത്ത് രാജ്യം വാണ മാര്‍താണ്ഡവര്‍മമഹാരാജാവ് പലരാജ്യങ്ങളും വെന്ന് 1750 ജനുവരി 3 ന് ശ്രീപദ്മനാഭനു 'തൃപ്പടിദാനം' ചെയ്തതാണ് ഒരു സവിശേഷചരിത്രസംഗതി.
'തൃപ്പടിദാന'ത്തിനുശേഷം ശ്രീപദ്മനാഭന് 'പെരുമാള്‍' എന്ന രാജപദവി ലഭിച്ചിരുന്നു എന്നതുകൊണ്ടു മാത്രം ക്ഷേത്രധനം പൊതുധനമാകുന്നു എന്നു പറയാനാകില്ല. 'ക്രിസ്ത്യന്‍ അഫയേഴ്‌സ്' എന്നും മറ്റും ഇതരമതവിഭാഗങ്ങളുടെ കാര്യങ്ങള്‍ക്കായി തിരുവിതാംകൂറില്‍ പ്രത്യേകം രാജകീയസംവിധാനങ്ങളു ണ്ടായിരുന്നു. തിരുവിതാംകൂറിലെ ഹിന്ദുഭരണാധികാരികള്‍ ക്രൈസ്തവ-മുസ്ലീം പ്രജകള്‍ക്ക് പളളികള്‍ പണിയിച്ചു കൊടുക്കുകയോ പളളികള്‍ക്കുവേണ്ടി ഭൂസ്വത്തുക്കളും ധനവും ആവശ്യംപോലെ ദാനം ചെയ്യുകയോ പതിവുണ്ടായിരുന്നു. നഗരഹൃദയത്തില്‍ പാളയത്തു തലയുയര്‍തിനില്കുന്ന സെന്റ്‌തോമസ് കത്തീഡ്രലിന് ഒന്നരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. വലിയതുറയിലുളള സെന്റ് ആന്റണി പളളിക്ക് നാനൂറി ലേറെക്കൊല്ലം പഴക്കമുണ്ട്. 16-നൂറ്റാണ്ടില്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ തിരുവനന്തപുരത്തിന്റെ തീര പ്രദേശങ്ങളില്‍ സുവിശേഷപ്രചാരണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പേരിലും പഴയ പളളിയുണ്ട്. തിരുവനന്തപുരത്തുതന്നെയുളള വെട്ടുകാട്ടുപളളി മറ്റൊരു ഉദാഹരണമാണ്. നാനാജാതിമതസ്ഥരായ നിര വധി പേര്‍ ദര്‍ശനത്തിനുവേണ്ടി ഇവിടങ്ങളില്‍ തടിച്ചുകൂടുന്നു. ഈ പളളികളുടെ വരുമാനവും ഗണ്യ മാണ്.
മുസ്ലീങ്ങള്‍ താമസിക്കുന്ന ഏതു കേരളഗ്രാമത്തിലും അവരുടേതായ പഴയ പളളികള്‍ കാണാം. തിരുവനന്തപുരം കടല്‍പുറത്തെ ബീമാപ്പളളിയാണ് ദക്ഷിണകേരളത്തിലെ ഏറ്റവും കീര്‍തികേട്ട മുസ്ലീം തീര്‍ഥാടനകേന്ദ്രം. ജാതിമതഭേദമന്യേ ആയിരക്കണക്കിന് ആരാധകര്‍ ഇവിടേക്കു പ്രവഹിക്കുന്നുണ്ട്. ചന്ദന ക്കുടം പെരുന്നാളിനും മറ്റുമുളള വരവ് ഊഹാതീതമാണ്.
പോര്‍തുഗീസ് മുതല്‍ ബ്രീട്ടീഷ് വരെയുളള വിദേശശക്തികളുടെ തളളിക്കയറ്റം ക്രിസ്ത്യാനികള്‍ക്ക് വിശേഷമായ അവസരങ്ങള്‍ നല്കിയിട്ടുണ്ട്. ഇതിനു പുറമേ ക്ഷേത്രങ്ങളുടെ നാശാവശിഷ്ടങ്ങള്‍ക്കുമേല്‍ ഉയര്‍ന്നു വന്നിട്ടുളള പളളികള്‍ പലതുമുണ്ട്. കോട്ടയം മീനച്ചില്‍ താലൂക്കിലെ ചരിത്രപ്രസിദ്ധമായ CSI പളളി ഉദാഹരണം. വിഭിന്നമതസ്ഥരുടെ ആരാധനാകേന്ദ്രങ്ങള്‍ തൊട്ടുരുമ്മിക്കൊണ്ടെന്നപോലെ നില കൊളളുന്ന തിരുവനന്തപുരം നഗരം അനന്യസാധാരണമായ മതസൗഹാര്‍ദത്തിന്റെയും അന്യോന്യ ബഹുമാനത്തിന്റെയും അന്തരിക്ഷമാണു വെളിപ്പെടുത്തുന്നത്. വേണാട്ടരചനായ അയ്യനടികള്‍ തിരുവടികള്‍ ക്രിസ്ത്വബ്ദം 849ല്‍ പുറപ്പെടുവിച്ച തരിസാപ്പളളി താമ്രശാസനത്തില്‍ ക്രിസ്ത്യാനികള്‍ക്കു നല്കിയ നിരവധി ആനുകൂല്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളരാജാക്കന്മാര്‍ പ്രകടമാക്കിയ മതസഹിഷ്ണുത യ്ക്കും വിശാലവീക്ഷണത്തിനും ഉളള അനേകം തെളിവുകളിലൊന്നാണിത്. എ.ഡി.പതിനൊന്നാം നൂറ്റാ ണ്ടിലെ മൂഷകവംശംകാവ്യത്തില്‍ ''രാജര്‍ഷിമാരുടെ ആശ്രമത്തില്‍ മൃഗങ്ങള്‍ എപ്രകാരമാണോ പരസ്പരം കലഹിക്കാതെ വര്‍തിക്കുന്നത് അതേപോലെ വിഭിന്നമതങ്ങള്‍ സൗഹാര്‍ദപുരസ്സരം വര്‍തിക്കുന്നു'' എന്നു രേഖപ്പെടുത്തിയത് അതിശയോക്തിയല്ല. ഹിന്ദുക്കളുടേതൊഴികെ ബൗദ്ധ-ജൈന-ജൂത-ക്രിസ്ത്യന്‍-മുസ്ലീം ആരാധനാകേന്ദ്രങ്ങള്‍ക്കു പൊതുവേ 'പളളി' എന്നായിരുന്നു പേര്‍. തിരുവിതാംകൂറില്‍ ഒരിക്കലും മതത്തെ ച്ചൊല്ലി കലഹങ്ങള്‍ ഉണ്ടായിട്ടില്ല.
ഇതരമതവിശ്വാസികളുടെ ധനം പെരുമാളെന്ന നിലയില്‍പോലും ശ്രീപദ്മനാഭനു സമര്‍പിക്ക പ്പെട്ടിരിക്കാനുളള സാധ്യതയെ ഈ തെളിവുകള്‍ തളളിക്കളയുകയാണ്. ജാതിയെയും മതസമ്പ്രദായത്തെയു മല്ല, മനുഷ്യത്വത്തെയാണ് അന്നുളളവര്‍ മാനിച്ചിരുന്നതെന്നു തെളിയിക്കുന്ന രേഖകള്‍ പലതുണ്ട്. ഇനി മറുവശത്ത്, പലപല മതസമ്പ്രദായങ്ങള്‍ നടത്തിവരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലും മറ്റും അന്യമതസ്ഥ രുടെയും ധാരാളം ധനം സംഭാവനയായും ഫീസുകളായും മറ്റും വന്നുചേരുന്നുണ്ടല്ലോ. അക്കാരണംകൊണ്ട് ആ സമ്പത്തില്‍ അന്യമതസ്ഥരുടെ അവകാശവാദം ആരെങ്കിലും അംഗീകരിക്കാറുണ്ടോ? ആയതിനാല്‍, ഇന്നത്തെ മതവര്‍ഗീയപശ്ചാത്തലത്തില്‍ ഈ ക്ഷേത്രധനത്തെ നോക്കിക്കാണാതിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

നാം ചെയ്യേണ്ടത് -

ബ്രാഹ്മണേതരവര്‍ഗങ്ങളുടേതായി പണ്ടു വ്യവസ്ഥചെയ്തിരുന്ന 'പാട്ട്' എന്ന കാവ്യരൂപത്തിന്റെ ലക്ഷണം പറയുന്നിടത്ത് ഒരു ശ്രീപദ്മനാഭസ്തുതിശ്ലോകമാണ് ലീലാതിലകകാരന്‍ ഉദാഹരിച്ചിരിക്കുന്നത് എന്നതില്‍നിന്നും എല്ലാ ഹിന്ദുക്കളും ഈ ക്ഷേത്രത്തെ തങ്ങളുടെ ഭക്തിക്ക് ആശ്രയമാക്കിയിരുന്നു എന്നു മനസ്സിലാക്കാം. ആ നിലയ്ക്ക് ഈശ്വരവിശ്വാസികളായ സമസ്തഹിന്ദുക്കളാണ് ശ്രീപദ്മനാഭന്റെ ക്ഷേത്രധന ത്തിന് അവകാശികളും രക്ഷിതാക്കളുമാകേണ്ടത്. കേരളത്തില്‍തന്നെ ക്ഷേത്രസ്വത്തുകള്‍ സംരക്ഷിക്കും എന്ന ഗവണ്‍മെന്റ് തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്;ഹൈന്ദവമനസ്സു കണ്ടറിഞ്ഞുകൊണ്ടുളളതാണ്. എങ്കിലും ക്ഷേത്രം കേരള സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ ഏറ്റെടുക്കുന്ന നിലയിലേക്കുളള നടപടികള്‍ ഏതു കോടതിയുടെ ഭാഗത്തുനിന്നുണ്ടായാലും ഹിന്ദുസമൂഹം ഒറ്റക്കെട്ടായി മരണംവരെ എതിര്‍ക്കണം. ഇക്കാര്യ ത്തില്‍ ഇതുവരെ ഹിന്ദുബഹുജനങ്ങളുടെ പക്ഷത്തുനിന്നും കോടതികളില്‍ ഒരിടപെടലും ഉണ്ടായിട്ടില്ല എന്നത് തികഞ്ഞ ഒരു ന്യൂനതയായേ കാണാനാകുന്നുളളൂ. ഹിന്ദുബഹുജനസംഘടനകളോ ഹൈന്ദവതാത്പ ര്യസംരക്ഷകരോ സുപ്രീംകോടതിയില്‍ അടിയന്തിരമായി കക്ഷിചേരേണ്ടതാണ്.
നമ്മുടെ പൂര്‍വികര്‍ ആക്ഷേപരഹിതമായി കരുതിവച്ചതും ജനനന്മയ്ക്ക് ആവശ്യമുളളപ്പോള്‍ ഉപയോഗിച്ചിരുന്നതുമായ ഈ ക്ഷേത്രധനം മറ്റു ക്ഷേത്രധനങ്ങളില്‍നിന്നും പലേകാരണങ്ങളാല്‍ വ്യത്യസ്ത മാണ്. ഈശ്വരസമര്‍പിതമായ ഈ ധനരാശി ഭക്തിക്കു വിപരീതമാകാതെയും യുക്തിക്കു നിരക്കുന്ന വിധ വും കൈകാര്യം ചെയ്യേണ്ടത് മറ്റാരുമല്ല, ഹിന്ദുസമൂഹം തന്നെയാണ്.
മേല്‍സൂചിപ്പിച്ച സ്വരൂപത്തിലുളള ക്ഷേത്രധനം ഇനിപ്പറയുന്ന മൂന്നു വിഭാഗത്തില്‍പെടുത്തുന്നത് ഉചിതമായിരിക്കും. 1) രാജദൈവതമായിരുന്ന ശ്രീപദ്മനാഭന്റെ പ്രൗഢി നിലനിര്‍ത്തുന്ന വിഗ്രഹസംബന്ധി യായ അവശ്യവസ്തുക്കള്‍; 2) ചരിത്ര-പുരാവസ്തുക്കളെന്ന നിലയില്‍ തികച്ചും വിശേഷപ്പെട്ടതെന്നു കരു തേണ്ടവ; 3) കരുതല്‍ധനമായോ ഫണ്ടായോ പരിവര്‍തിപ്പിക്കാവുന്നവ. 'ശ്രീപദ്മനാഭസ്വാമിയുടെ ധനം കൂട്ടി രക്ഷിക്കുക' എന്ന രാജവംശങ്ങളുടെ പ്രതിജ്ഞയ്ക്കനുസരിച്ചുവേണം ഹിന്ദുക്കള്‍ ഇനി ഉണര്‍ന്നു പ്രവര്‍തിക്കേണ്ടത്. ധനം മ്യൂസിയത്തിലെത്തിച്ചു കാഴ്ചക്കാരാകുന്നതുകൊണ്ടു സാധിക്കാവുന്നതല്ല ആ മഹത്തായ ലക് ഷ്യം. തിരുപ്പതി, വാരണാസി തുടങ്ങിയ ക്ഷേത്രനഗരങ്ങളുടെ മാതൃകയില്‍ ശ്രീപദ്മനാഭ ന്റെ പേരില്‍ ഒരു അന്താരാഷ്ട്രീയഹൈന്ദവസംസ്‌കൃതികേന്ദ്രമാക്കി തലസ്ഥാനനഗരിയെ രൂപപ്പെടുത്താന്‍ നമുക്കാകണം. അതിനുതകുംവണ്ണം ശാസ്ത്രീയമായ പദ്ധതി രൂപീകരിച്ച് കോടതികളെയും സര്‍ക്കാരിനെയും കൊണ്ട് അംഗീകരിപ്പിക്കേണ്ട ചുമതലയാണ് ഹിന്ദുസംഘടനകള്‍ക്ക് പൊതുവായുളളത്. കേരളക്ഷേത്രങ്ങളില്‍ പലതിനും വമ്പിച്ച ആഭരണസമ്പത്തും വസ്തുവകകളും മുതല്‍കൂട്ടായുണ്ട്. നാം കണ്ടതുപോലെ, മഹാരാജാക്കന്മാരും പ്രഭുക്കന്മാരും മറ്റും സമ്മാനിച്ചിട്ടുളളവയാണ് അതെല്ലാം. അതൊ ക്കെയും അന്യാധീനപ്പെട്ടു വരുന്നതാണു കാഴ്ച. ശ്രീപദ്മനാഭസ്വാമിയുടെ ധനശേഖരവും നിലവറകളും ഗുരുവായൂരമ്പലത്തിലേക്കും അതുപോലെ മറ്റു ക്ഷേത്രങ്ങളിലേക്കും 'ആളു'കളുടെ ശ്രദ്ധ തിരിച്ചുവിടുന്നുണ്ട്. അധികാരികളും വിശ്വാസികളും കരുതിയിരിക്കുക.



കൂടുതല്‍ ആഴത്തിലുളള വിവരങ്ങള്‍ക്കായി അടുത്തലക്കം
'വേദസരസ്വതി' വായിക്കുക.

ബന്ധപ്പെടുക:
ആര്യസമാജം, പി.ബി. നമ്പര്‍ 44, തിരുവനന്തപുരം 1.
ദൂരഭാഷ: 9400000600.